നമ്മളില്‍ പലരുടെയും സ്വപ്‌നമായിരിക്കും സ്വന്തമായി കാർ വാങ്ങുക എന്നത്. ഇപ്പോഴത്തെ കാലത്ത് അതൊരു അസാധ്യമായ ആഗ്രഹമൊന്നുമല്ല.
ഇഎംഐ പോലെയുള്ള സൗകര്യങ്ങള്‍ ഉള്ളപ്പോള്‍ പിന്നെ ടെൻഷന്റെ ആവശ്യമില്ലലോ. പറഞ്ഞുവന്നത് കാർ സ്വന്തമാക്കുന്നതിനെ കുറിച്ചാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും കാർ ആണ് നിങ്ങളുടെ സ്വന്തമെങ്കിലോ? എപ്പോഴെങ്കിലും അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ...
എങ്കില്‍ വലുപ്പം കൊണ്ടും അതിലെ സൗകര്യങ്ങള്‍ കൊണ്ടും എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാറുണ്ട് ലോകത്തില്‍. അതുള്ളവർക്ക് വേണമെങ്കില്‍ വീട് തന്നെ സ്വന്തമായി വേണ്ടെന്ന് പറയാം. അത്രയധികം സൗകര്യങ്ങളും അതിലേറെ പ്രത്യേകതകളുമുള്ള ഈ കാർ സ്വന്തമായി ഗിന്നസ് ലോക റെക്കോർഡ് വരെ നേടിയിട്ടുണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഉറപ്പായും മൂക്കത്ത് വിരല്‍ വയ്ക്കും.
അപ്പോള്‍ പിന്നെ ഈ സൂപ്പർകാറിന്റെ മറ്റ് വിശദാംശങ്ങള്‍ കൂടി അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അത്ഭുതപ്പെട്ടില്ലെങ്കിലേ പറയാനുള്ളൂ. ഗിന്നസ് വേള്‍ഡ് റെക്കോർഡ് പ്രകാരം 'ദി അമേരിക്കൻ ഡ്രീം' എന്ന സൂപ്പർ ലിമോ കാറാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയത്. അതിന്റെ വലുപ്പം കൊണ്ടും പ്രൗഢി കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏഴ് മുൻപിലാണ് ഈ വാഹനം എന്ന് കൂടി ഓർക്കണം.
പ്രമുഖ കാർ കസ്‌റ്റമൈസർ ജെയ് ഓർബെർഗ് 1986ല്‍ കാലിഫോർണിയയിലെ ബർബാങ്കിലാണ് ഈ ഭീമൻ വാഹനം ആദ്യമായി നിർമ്മിച്ചത്. 18.28 മീറ്റർ അഥവാ 60 അടി നീളമുള്ള ഈ കാറില്‍ 26 ചക്രങ്ങളാണ് ആകെ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മുന്നിലും പിന്നിലും കറുത്തകനായി രണ്ട് വി8 എഞ്ചിനുകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ നീണ്ട 36 വർഷങ്ങള്‍ക്ക് ശേഷം 2022ല്‍ ഈ വാഹനം പുനർ രൂപകല്‍പന ചെയ്‌ത് പുറത്തെടുക്കുകയായിരുന്നു. ഇതോടെ കാറിന് ഇപ്പോള്‍ 30.54 മീറ്റർ (100 അടിയും 1.5 ഇഞ്ചും) നീളമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാർ യഥാർത്ഥത്തില്‍ രണ്ട് ഭാഗങ്ങളായി നിർമ്മിച്ച ശേഷം കൂട്ടി യോജിപ്പിക്കുകയായിരുന്നു.
ഈ നീളൻ കാറിന്റെആഡംബര പദവിയുടെ ഒരു പ്രധാന കാരണം അതില്‍ നിരവധി ഞെട്ടിക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു എന്നതാണ്. ഒരു വലിയ വാട്ടർബെഡ്, ഡൈവിംഗ് ബോർഡുള്ള നീന്തല്‍ക്കുളം, ഹെലിപാഡ്, ജാക്കൂസി, ബാത്ത് ടബ്, മിനി ഗോള്‍ഫ് കോഴ്‌സ് സൗകര്യം, നിരവധി ടിവികള്‍, റഫ്രിജറേറ്റർ, ടെലിഫോണ്‍ എന്നിങ്ങനെ ഒരു വീട്ടിലോ ഫ്ലാറ്റിലോ പോലും കിട്ടാത്ത അത്രയും സൗകര്യങ്ങള്‍ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌റ്റീല്‍ ബ്രാക്കറ്റുകളുടെ സഹായത്തോടെയാണ് ഹെലിപാഡ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. നാലായിരം പൗണ്ട് വരെ ഭാരം വഹിക്കാൻ ഇതിന് കഴിയുമെന്നാണ് നിർമ്മാണത്തിന് നേതൃത്വം നല്‍കിയവർ ഉള്‍പ്പെടെ അവകാശപ്പെടുന്നത്. ഇത്രയൊക്കെ ആണെങ്കിലും സാധാരണ ഹൈവേകള്‍ വഴി ഈ വാഹനവുമായി പോവുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ നീളത്തിന്റെ കാര്യത്തില്‍ ഇതിനെ വെല്ലാൻ മറ്റാർക്കും കഴിയുകയുമില്ല.