റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കവേ ട്രെയിനിടിച്ച് കെഎസ്‌ആർടിസി വനിതാ കണ്ടക്ടറുടെ രണ്ടു കാലുകളും അറ്റു.
കരുനാഗപ്പള്ളി സ്വദേശിനി ഒറ്റമാംവിളയില്‍ ജെ. ശുഭകുമാരിയമ്മ (45)യുടെ കാലുകളാണ് അറ്റുപോയത്.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു ദാരുണമായ അപകടം. റെയില്‍വേ സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമില്‍നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്കു മാറിക്കയറാൻ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കൊച്ചുവേളി കോർബ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഓടിയെത്തിയ യാത്രക്കാരും റെയില്‍വേ പോലീസും ചേർന്നാണ് ഇവരെ ട്രാക്കില്‍നിന്നു പുറത്തെടുത്തത്.
നേരത്തേ തൃശൂരില്‍ ജോലിചെയ്തിരുന്ന ശുഭകുമാരിയമ്മ കൊല്ലത്തേക്കു മാറ്റം കിട്ടിപ്പോയതിനുശേഷം ജോലിസംബന്ധമായ ആവശ്യത്തിനായി തൃശൂരില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടർന്നു വിദഗ്ധചികിത്സയ്ക്കായി തൃശൂരിലെതന്നെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.