Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/02/2025)


 


2025 | ഫെബ്രുവരി 6 | വ്യാഴം | മകരം 24 


◾  സംസ്ഥാന ബജറ്റ് നാളെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവര്‍ഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയേക്കും. ക്ഷേമപെന്‍ഷന്‍ 200 രൂപ കൂട്ടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത്് വ്യാവസായിക നിക്ഷേപം ആകര്‍ഷിക്കാന്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനകള്‍. 


◾  സംസ്ഥാനത്ത് സ്വകാര്യസര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബില്ലില്‍ ആശങ്കയും എതിര്‍പ്പും ഉന്നയിച്ച് സിപിഐ. കൂടുതല്‍ ചര്‍ച്ചയും പഠനവും ആവശ്യമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ പി പ്രസാദ് ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യം കൂടി കണക്കിലെടുത്ത് ബില്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു. സ്വകാര്യ സര്‍വ്വകലാശാല വന്നാല്‍ പ്രതിഷേധിക്കുമെന്ന് എഐവൈഎഫ് വ്യക്തമാക്കി.


◾  പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച  പോഷ് ആക്ട് 2013 ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷന്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.


◾  കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ നേതാവ് കൊല്ലം മധു രാജിവച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള  ധാരണ സിപിഎം പാലിക്കാത്തതാണ് രാജിക്ക് കാരണം. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് സോമന്‍  എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.


◾  എന്‍സിപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പിസി ചാക്കോയെ അനുകൂലിക്കുന്നവരും എതിര്‍ വിഭാഗവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. പിസി ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്റ് സതീഷ്‌കുമാര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘര്‍ഷത്തില്‍ ഓഫീസിലെ കസേരകളും ജനല്‍ച്ചില്ലുകളും തകര്‍ത്തു.


◾  ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടിയിലെ സത്യന്. ഇരിട്ടിയിലെ 'മുത്തു' ലോട്ടറി ഏജന്‍സിയില്‍നിന്ന് സത്യന്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ 20 കോടി രൂപ ലഭിച്ചത്. ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യന്‍ വാങ്ങിയത്.


◾  രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗത പ്രാസംഗികന്‍ വിശേഷിപ്പിച്ചതിന് തമാശ രൂപത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് രവി പിള്ളയെ നോര്‍ക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു സംഭവം. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി. അങ്ങനെയൊരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു എനിക്കദ്ദേഹത്തോട് സ്‌നേഹപൂര്‍വം ഉപദേശിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  കേരള സര്‍വകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സംഘര്‍ഷം. സര്‍വകലാശാല സ്റ്റുഡന്റസ്  യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വി.സിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പന്തല്‍ കെട്ടി സമരം നടത്തിയിരുന്നത്. സര്‍വകലശാലയുടെ പ്രധാന കവാടം എസ്എഫ്ഐ ഉപരോധിച്ചിരുന്നു. സമരക്കാരെ ഒഴിവാക്കി പന്തല്‍ പൊളിച്ചു മാറ്റാന്‍ രജിസ്ട്രാര്‍ പൊലീസിന് കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു പൊലിസ് നടപടി.


◾  പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ എസ് ഐ എസ്.ജിനുവിനും 2 പൊലീസുകാര്‍ക്കും സസ്പെന്‍ഷന്‍. ഡിഐജി അജിതബീഗമാണ്  സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പത്തനംതിട്ട അബാന്‍ ജംഗ്ഷനിലായിരുന്നു സംഭവം.


◾  വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചും, മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് മേധാവിയുടെ മാപ്പപേക്ഷ. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ് മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, കേസില്‍ ഹാജരാകുന്നതില്‍ ഇളവ് തേടി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടതിയെ സമീപിച്ചു.


◾  കേസിനെ ഭയന്ന് നിലപാടില്‍ നിന്ന് പിന്നോട്ട് പോയതില്‍ കെ.ആര്‍. മീരയെ അഭിനന്ദിക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഇത് പുരുഷന്മാരുടെ വിജയമാണ്. തീവ്രഫെമിനിസത്തിനെതിരായ പുരുഷന്മാരുടെ വിജയമായി ഇതിനെ കണക്കാക്കാമെന്നും രാഹുല്‍. കൊലപാതകത്തെ ന്യായീകരിക്കുന്ന വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയ സംഭവത്തില്‍ രാഹുലിന് മറുപടിയുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.


◾  പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള പരാതികള്‍ക്ക് പിന്നാലെ അഡ്വാന്‍സ് തുക തിരികെ നല്‍കി ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റി. ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവര്‍ക്ക് 13-ാം തീയതി രേഖപ്പെടുത്തിയ ചെക്കാണ് സൊസൈറ്റി നല്‍കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന് എ.എന്‍. രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.


◾  വടകരയില്‍ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് ഇരുപതോളം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. വടകരയില്‍ നിന്നുള്ള നേതാവ്  പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പാര്‍ട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം.


◾  വയനാട് ജില്ലയിലെ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. കുട്ടമുണ്ടയിലും ഒരു കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്.


◾  കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. മനുഷ്യനിര്‍മിതമല്ലാത്ത തുരങ്കമാണിത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ്, പുലിക്കായി കൂടിവെക്കാനുള്ള നീക്കത്തിലായിരുന്നു. ഈ സമയത്താണ് പുലി, തുരങ്കത്തില്‍ കുടുങ്ങിയത്.


◾  തിരുവനന്തപുരം വെള്ളറടയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകന്‍ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 28 വയസുകാരനായ ഇയാള്‍ ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.


◾  കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ വെച്ച് ജനുവരി 31 നുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുറ്റ്യാടി കുണ്ടുതോട് സ്വദേശി പി.പി രാജന്‍ എന്ന ദാസന്‍ മരിച്ചു. ചികിത്സയിലായിരിക്കേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. ചുരത്തിലെ മൂന്നാം വളവില്‍ വെച്ച് രാജന്‍ സഞ്ചരിച്ച കാറിന് തീപിടിച്ചാണ് ഗുരുതരമായി പൊള്ളലേറ്റത്.


◾  മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി അനാമിക കര്‍ണാടകയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പാളിനുമെതിരേ പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും. പ്രിന്‍സിപ്പാളിന്റെയും കോളേജ് മാനേജ്‌മെന്റിന്റെയും നിരന്തര മാനസികപീഡനംമൂലമാണ് കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആത്മഹത്യചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചു. കനക്പുരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിങ് കോളേജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക.


◾  മലപ്പുറം എളങ്കൂരില്‍ വിഷ്ണുജയെന്ന യുവതി ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്.


◾  ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.


◾  നിയമസഭാ തെരഞ്ഞെടുപ്പില്‍ ദില്ലി ജനത വിധിയെഴുതി. 60% ത്തോളം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് 13,766 ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.


◾  ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിക്ക് അനുകൂലം. കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും ബി ജെ പി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. എന്നാല്‍ ഈ പ്രവചനങ്ങള്‍ തള്ളുകയാണ് ആം ആദ്മി പാര്‍ട്ടി. എക്സിറ്റ്പോള്‍ ഫലങ്ങള്‍ അനുകൂലമായതോടെ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി ക്യാമ്പ്. അതേസമയം കോണ്‍ഗ്രസ് ചിത്രത്തിലില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.


◾  ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സ്വാഗതംചെയ്ത് ബി.ജെ.പി. ഡല്‍ഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും അവര്‍ ബി.ജെ.പി.യ്ക്ക് ഏറെ സ്‌നേഹവും അനുഗ്രഹവും നല്‍കിയെന്നും ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ വിരേന്ദ്ര സച്ഛ്‌ദേവ പറഞ്ഞു. 'ആപ്ദ' (ദുരന്തം) ഡല്‍ഹി വിടുകയാണെന്നും ഡല്‍ഹിയില്‍ ബി.ജെ.പി. വരുന്നുവെന്നും അഴിമതിയില്ലാത്ത സര്‍ക്കാരും വികസനവുമാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


◾  അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെതിരെ ശശി തരൂര്‍. അമേരിക്കക്ക് ഇവരെ സാധാരണ വിമാനങ്ങളില്‍  തിരിച്ചയക്കാമായിരുന്നെന്നും രേഖകള്‍ ഇല്ലാത്തവരെ  തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്കായി ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ലെന്നും ഇന്ത്യയില്‍ ബംഗ്ലാദേശികള്‍ അനധികൃതമായി കഴിയുന്നുണ്ടെങ്കില്‍ അവരെ തിരിച്ചയ്ക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈനിക വിമാനത്തില്‍ മടങ്ങി എത്തിയവരില്‍ 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.


◾  ചെന്നൈയില്‍ 18 കാരിക്കുനേരെ ലൈംഗികാതിക്രമം. കിളമ്പാക്കം ബസ് ടെര്‍മിനലിനു സമീപത്താണ് സംഭവം.ഓടുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി പരിസരത്തുള്ളവര്‍ ശ്രദ്ധിച്ചതോടെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നെത്തിയ ഒരു സംഘം പൊലീസ് അക്രമികളെ പിന്തുടര്‍ന്നു. പൊലീസിനെ കണ്ടതോടെ പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ട് പ്രതികള്‍ കടന്നുകഴിഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.


◾  മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പൂര്‍ ജില്ലയില്‍ 250 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊല്‍ഹാപ്പൂരിലെ ഗ്രാമത്തില്‍ നടന്ന മേളയില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നിലവില്‍ 50 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.


◾  കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ദുരിത ജീവിതം. ലേഡീസ് ഹോസ്റ്റലിലെ ശൗചാലയങ്ങള്‍ക്കും കുളിമുറികള്‍ക്കും വാതിലുകളില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലേഡീസ് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.


◾  തമിഴ്നാട് കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ അധ്യാപകര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് മൂന്നു പേരെയും സ്‌കൂള്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.


◾  തിരുപ്പതി ജീവനക്കാര്‍ ഹൈന്ദവാചാരങ്ങള്‍ പാലിക്കണമെന്ന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിന് പിന്നാലെ 18 ഹൈന്ദവേതര ജീവനക്കാര്‍ക്കെതിരേ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.). ഇവര്‍ ഹൈന്ദവേതര ആചാരങ്ങള്‍ പിന്തുടരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.


◾  രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും നേതൃസ്ഥാനങ്ങളില്‍ ദളിതരും ദുര്‍ബലവിഭാഗക്കാരും എത്തുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ദളിത് വ്യക്തിത്വവുമായ ജഗന്‍ ലാല്‍ ചൗധരിയുടെ ജന്മവാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.


◾  ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ചാറ്റ് ജിപിടിയും ഡീപ്‌സീക്കും ഉള്‍പ്പെടെയുള്ള എ.ഐ. ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം. ഡേറ്റ സുരക്ഷിതത്വം ചൂണ്ടിക്കാട്ടിയാണ് നടപടി..


◾  2025ലെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോര്‍ബ്സ്. നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങള്‍, സൈനിക ശക്തി എന്നിവയുള്‍പ്പെടെ നിരവധി നിര്‍ണായക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്തും ചൈന രണ്ടാം സ്ഥാനത്തും ഇസ്രായേല്‍ പത്താം സ്ഥാനത്തുമാണ്. പട്ടികയില്‍ 12-ാമതാണ് ഇന്ത്യയുടെ സ്ഥാനം.


◾  ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  ഉത്തരവ് യു എസ് കോടതി വീണ്ടും തടഞ്ഞു. രാജ്യമൊട്ടാകെ ഇത് നടപ്പാക്കരുതെന്ന് ഫെഡറല്‍ ജഡ്ജി ഡെബറ ബോര്‍ഡ്മാന്‍ ഉത്തരവിട്ടു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് ഭരണഘടന ലംഘനമെന്ന് ചൂണ്ടികാട്ടിക്കൊണ്ടാണ് കോടതി ഇത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്. നേരത്തെ ട്രംപിന്റെ ഉത്തരവ് സിയാറ്റിലിലെ ഒരു കോടതിയും സ്റ്റേ ചെയ്തിരുന്നു.


◾  സഞ്ജു സാംസണെ പിന്തുണച്ച് പ്രതികരിച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടിസുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ . കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ഈ വിഷയത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടിസില്‍ നിര്‍ദ്ദേശമുണ്ട്.


◾  ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. മഹാരാഷ്ട്രയിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 മുതല്‍ മത്സരം ആരംഭിക്കും. ഇന്ത്യയെ രോഹിത് ശര്‍മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. 


◾  എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാന്‍ ശുപാര്‍ശ. നിലവില്‍ 21 രൂപയാണ്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചെണ്ണവുമാണ് സൗജന്യം. സൗജന്യ ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 22 രൂപ ഈടാക്കാന്‍ റിസര്‍വ് ബാങ്കിനോടു നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ചേഞ്ച് ചാര്‍ജ് 17 രൂപയില്‍നിന്നു 19 രൂപയാക്കാനും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണമിടപാടുകള്‍ക്കാണ് നിലവില്‍ 17 രൂപ ഈടാക്കുന്നത്. പണരഹിത ഇടപാടുകളുടെ നിരക്ക് 6 ല്‍ നിന്ന് 7 ആയി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്ന ചാര്‍ജാണ് എടിഎം ഇന്റര്‍ചേഞ്ച് ഫീസ്. ഇത് പലപ്പോഴും ഉപഭോക്താവിന്റെ ബില്ലിനൊപ്പം ചേര്‍ക്കുന്നുണ്ട്.


◾  ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെല്‍കം സിനിയമയ്ക്ക് മൂന്നാം ഭാഗം വരുന്നു. 'വെല്‍ക്കം ടു ദ് ജംഗിള്‍' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ടീസര്‍ എത്തി. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടോന്‍, ലാറ ദത്ത, പരേഷ് റാവല്‍ തുടങ്ങിയ ഹിന്ദി സിനിമയിലെ പ്രധാന 24 താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അഹമദ് ഖാന്‍ ആണ് സംവിധാനം. ജിയോ സ്റ്റുഡിയോസും ബേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മാണം ജ്യോതി ദേശ്പാണ്ഡെയും എ. ഫിറോസ് നദിയാവാലയും. 2007ലാണ് വെല്‍കം ആദ്യ ഭാഗം റിലീസിനെത്തുന്നത്. പിന്നീട് 2015ല്‍ ഇതിന്റെ രണ്ടാം ഭാഗം വെല്‍കം ബാക് തിയറ്ററുകളിലെത്തി. വെല്‍കം ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍ അഭിനയച്ചെങ്കിലും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും അഭിനയിച്ച അനില്‍ കപൂര്‍ മൂന്നാം ഭാഗത്തില്‍ ഉണ്ടാകില്ല.


◾  പ്രേക്ഷകരെ വിറപ്പിക്കാന്‍ 'ഫൈനല്‍ െഡസ്റ്റിനേഷന്‍' സീരിസ് വീണ്ടുമെത്തുന്നു.  'ഫൈനല്‍ ഡെസ്റ്റിനേഷന്‍' ഫിലിം സീരിസിലെ ആറാമത്തെ ചിത്രം  'ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്‌ലൈന്‍സ്' ടീസര്‍ എത്തി. സാക്ക് ലിപോവ്സ്‌കിയും ആദം സ്റ്റീനുമാണ് സംവിധാനം. കാറ്റിലിന്‍ സാന്റ്, ടിയോ ബ്രയോണ്‍സ്, റിച്ചാര്‍ഡ് ഹാര്‍മന്‍, ഓവെന്‍ പാട്രിക് എന്നിവരാണ് അഭിനേതാക്കള്‍. ചിത്രം മേയ് 16ന് തിയറ്ററുകളിലെത്തും. 2000ലാണ് ഫൈനല്‍ ഡെസ്റ്റിനേഷന്‍ ആദ്യ ഭാഗം തിയറ്ററുകളിലെത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കിടയില്‍ ഇതിന്റെ തുടര്‍ ഭാഗങ്ങളെത്തി. 2011ലാണ് ഫൈനല്‍ ഡെസ്റ്റിനേഷന്റെ അവസാന ഭാഗം തിയറ്ററുകളിലെത്തിയത്. ഇപ്പോള്‍ 14 വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ ആറാം ഭാഗം എത്തുന്നു.


◾  ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ തലമുറ അമേസിന്റെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. വ്യത്യസ്ത വേരിയന്റുകളില്‍ 10,000 മുതല്‍ 30,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വി, വിഎക്സ്, ഇസെഡ്എക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ അമേസ് എത്തുന്നത്. ഉയര്‍ന്ന വിലയുള്ള ഇസെഡ്എക്സ് എംടി, ഇസെഡ്എക്സ് സിവിടി വേരിയന്റുകളില്‍ പരമാവധി 30,000 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ട്രിമ്മുകളുടെ വില 10,000 മുതല്‍ 15,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. 89 ബിഎച്ച്പി പവറും 110 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിവുള്ള 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, സിവിടി യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു. പുതിയ ഹോണ്ട അമേസ് ആറ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.


◾  ശാന്തിമന്ത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന, സന്തോഷത്തിന്റെ ദേശമായ ഭൂട്ടാന്റെ സാമൂഹികവും സാംസ്‌കാരികവുമായ പൈതൃകത്തെ അടയാളപ്പെടുത്തുന്ന യാത്രാവിവരണം. പൂവും കല്ലും കാടും തൊട്ടുകൊണ്ട്, ഗ്രാമങ്ങള്‍ വെച്ചുനീട്ടിയ സ്‌നേഹോഷ്മളമായ ദിനങ്ങളെ അറിഞ്ഞ്, ഇളവെയിലിലും പുതുമഞ്ഞിലും കുതിര്‍ന്ന ഭൂട്ടാന്‍ ദിനങ്ങളുടെ മനോഹാരിതയെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതി. 2023ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകം. 'ഭൂട്ടാന്‍: വിശുദ്ധ ഭ്രാന്തന്റെ വഴിത്താരകള്‍'. നന്ദിനി മേനോന്‍. മാതൃഭൂമി. വില 314 രൂപ.


◾  ദീര്‍ഘനേരമുള്ള സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കണ്ണുകള്‍ക്ക് ആയാസവും അസ്വസ്ഥതയും ഉണ്ടാക്കാം. ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഈ രോഗം മൂലമുണ്ടാകുക. ഇത് അന്ധതയിലേക്ക് വരെ നയിക്കും. ഫോണ്‍ കണ്ണുകള്‍ക്ക് വളരെ അടുത്ത് പിടിക്കുന്നത് കണ്ണിന്റെ പേശികളില്‍ ആയാസം വര്‍ധിപ്പിക്കുന്നു. മങ്ങിയ വെളിച്ചം അല്ലെങ്കില്‍ ഇരുട്ടത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. കണ്ണിന് അസ്വസ്ഥതയും ക്ഷീണവും, കാഴ്ച മങ്ങല്‍, തലവേദന, വരണ്ട കണ്ണുകള്‍, കഴുത്തിനും തോളിനും വേദന, ഉറക്കമില്ലായ്മ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോമിന്റെ പ്രധാന ലക്ഷണങ്ങള്‍. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തി ഇതിനെ പ്രതിരോധിക്കാം. തെളിച്ചം കുറയ്ക്കുക, നീല വെളിച്ച ഫില്‍ട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, സുഖകരമായ വായനയ്ക്കായി ഫോണ്ട് വലുപ്പം വര്‍ധിപ്പിക്കുക. സ്മാര്‍ട്ട്‌ഫോണ്‍ കണ്ണിനു നേരെ വയ്ക്കുക, 16-24 ഇഞ്ച് അകലം പാലിക്കാന്‍ ശ്രദ്ധിക്കുക. വരള്‍ച്ച തടയാന്‍ കൂടുതല്‍ തവണ കണ്ണുചിമ്മാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുക. 20-20-20 നിയമം പാലിക്കുക. ഇത് കണ്ണിന്റെ ക്ഷീണം ഗണ്യമായി കുറയ്ക്കും. ആന്റി-ഗ്ലെയര്‍ സ്‌ക്രീനുകള്‍ തിളക്കം കുറയ്ക്കുകയും സ്‌ക്രീന്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് കുറഞ്ഞ ആയാസം നല്‍കുകയും ചെയ്യുന്നു. കണ്ണുകള്‍ക്ക് അത്യാവശ്യമായ വിശ്രമം നല്‍കാന്‍ ചെറിയ ഇടവേളകള്‍ ഉള്‍പ്പെടുത്തുക. ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ച് സ്വയം ജലാംശം നിലനിര്‍ത്തുക.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക