അക്വേറിയത്തില്‍ മത്സ്യകന്യകയായി കലാപ്രകടനം, പെട്ടെന്ന് പുറകിലൂടെയെത്തിയ സ്രാവ് യുവതിയുടെ തലയില്‍ കടിച്ചു. കുതറി മാറി രക്ഷപെട്ട യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റു.
കാഴ്ചക്കാർ പകർത്തിയ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ചൈനയിലെ ഷിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മത്സ്യകന്യകയായി അക്വേറിയത്തിനുള്ളില്‍ പ്രകടനം നടത്തിക്കൊണ്ടിരുന്ന റഷ്യൻ കലാകാരിയ്ക്ക് നേരെയാണ് അക്വേറിയത്തില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് ആക്രമണം നടത്തിയത്.
വീഡിയോ ദൃശ്യങ്ങളില്‍ ഒരു വലിയ അക്വേറിയത്തിനുള്ളില്‍ മത്സ്യ കന്യകയായി കാഴ്ചക്കാർക്ക് മുൻപില്‍ യുവതി കലാപ്രകടനം നടത്തുന്നത് കാണാം. 22 കാരിയായ മാഷാ എന്ന റഷ്യൻ കലാകാരിയാണ് ഇതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
കാഴ്ചക്കാർക്ക് മുൻപില്‍ മനോഹരമായി മാഷ കലാ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അക്വേറിയത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് മാഷായെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിലാണ് മത്സ്യം കടിച്ചത്. ഭാഗ്യവശാല്‍ അതിവേഗത്തില്‍ മാഷയ്ക്ക് കുതറി മാറാൻ സാധിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.
Woman performing as a mermaid bitten by a sturgeon in a Chinese Aquarium. pic.twitter.com/LTDSioBve3
സംഭവത്തിന് സാക്ഷികളായ കാണികള്‍ നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. മത്സ്യത്തിന്‍റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തില്‍ മുകളിലേക്ക് നീന്തി കയറുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മത്സ്യത്തിന്‍റെ ആക്രമണത്തില്‍ യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റതായാണ് റിപ്പോർട്ടുകള്‍ പറയുന്നത്. മാഷായുടെ കലാപ്രകടനത്തിനിടയില്‍ കാണികള്‍ പകർത്തിയ വീഡിയോയിലാണ് ഭയാനകമായ ഈ രംഗങ്ങളും പതിഞ്ഞത്.
ആക്രമണത്തിന് ഇരയായ ശേഷവും പാർക്ക് അധികൃതർ മാഷയോട് തന്‍റെ പ്രകടനം തുടരാൻ ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയെന്ന് ദി ഡെയ്‌ലി മെയിലില്‍ റിപ്പോർട്ട് ചെയ്തു. യുവതിക്ക് ധാർമ്മിക നഷ്ടപരിഹാരമായി 78 പൗണ്ട് പാർക്ക് അധികൃതർ വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കരുതന്ന് മാഷയ്ക്ക് പാര്‍ക്ക് അധിതർ കർശന നിർദേശം നല്‍കിയതായാണ് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.