Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/05/2025)


 


2025 | മെയ് 2 | വെള്ളി | മേടം 19 | 


◾  കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ്. രാജ്ഭവനില്‍ നിന്ന് റോഡ് മാര്‍ഗം പാങ്ങോട് മിലിട്ടറി ഏരിയയിലെത്തി ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാതലത്തില്‍ കനത്ത സുരക്ഷയിലാണ് നഗരം. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. വിഴിഞ്ഞത്ത് കടലിലും നേവിയും കോസ്റ്റ് ഗാര്‍ഡും കാവലൊരുക്കിയിട്ടുണ്ട്. അഭിമാനമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍.


◾  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തലസ്ഥാനത്തെത്തി. ഇന്നലെ വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, നഗരസഭാ മേയര്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്.


◾  പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തില്‍ വ്യക്തതയായി. ആറ് ഭീകരരെയാണ് ഇന്ത്യ തെരയുന്നത്. ഇതില്‍ നാല് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. മറ്റു രണ്ടുപേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഈ ആറു ഭീകരര്‍ക്കായാണ് അനന്തനാഗ് മേഖലയില്‍ പരിശോധന നടത്തുന്നത്. ഇവര്‍ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരിച്ചിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അനന്തനാഗ് മേഖല സൈന്യം വളഞ്ഞാണ് തിരിച്ചടില്‍ നടത്തുന്നത്.


◾  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സജ്ജമാണെന്ന് സേനകളും വ്യക്തമാക്കി. പോസ്റ്റല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്സൈറ്റുകള്‍ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ.


◾  തിരിച്ചടി ഭയന്ന്  കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന. അതേസമയം, വാഗാ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തര്‍ക്കം. പാക് പൗരന്‍മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍ വാഗ അതിര്‍ത്തി അടച്ചു. അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്‍ പൗരന്‍മാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിര്‍ത്തി ഇന്നലെ മുതല്‍ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.  


◾  ആശാ സമരത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാന്‍സലര്‍ മല്ലികാ സാരാഭായ്. ആശമാരില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കലാമണ്ഡലം വൈസ് ചാന്‍സലറെ പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.


◾  കൈക്കൂലി കേസില്‍ പിടിയിലായ കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥ സ്വപ്ന, സുപ്രധാന ചുമതല നേടിയത് മേലധികാരികളുടെ പ്രിയം നേടിയതിലൂടെ.സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇവര്‍ നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്നയെ തൃശൂര്‍ വിജിലന്‍സ് ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


◾  ലോക തൊഴിലാളി ദിനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അവധി ദിവസമായിട്ടും ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഈ നിര്‍ദ്ദേശ പ്രകാരമാണ് മെയ് ദിനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായതെന്നും മന്ത്രി വിവരിച്ചു.


◾  വോട്ടര്‍ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതല്‍ സുഗമമാക്കാനുമുള്ള  പുതിയ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നു. മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സമ്മേളനത്തില്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അവതരിപ്പിച്ച കാര്യങ്ങള്‍ക്കനുസൃതമായാണ് ഈ നടപടി.


◾  കോട്ടയം അയര്‍ക്കുന്നത്ത് പെണ്‍മക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും 14 ദിവസം റിമാന്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശിയുമായ ജിമ്മിയും അച്ഛന്‍ ജോസഫുമാണ് റിമാന്‍ഡിലായത്. ഇന്നലെയാണ് രണ്ട് പേരെയും ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവര്‍ക്കുമെതിരെയുള്ള നിര്‍ണായക തെളിവുകള്‍ കിട്ടിയതോടെയായിരുന്നു നടപടി. ഗാര്‍ഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.


◾  കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമികവിവരം..


◾  കൊട്ടാരക്കര ചിരട്ടക്കോണത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയില്‍ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.


◾  കോഴിക്കോട് വെസ്റ്റ് ബംഗാള്‍ സ്വദേശിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ഷാജഹാന്‍ അലി എന്നയാളുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായിരുന്നു പരിശോധന.


◾  കൊച്ചി വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആര്‍ട്ടിക് ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.


◾  മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദള്‍ നേതാവായിരുന്ന സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്. നിലവില്‍ സുഹാസ് ഷെട്ടി ബജ്രംഗ്ദളില്‍ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി.


◾  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. കശ്മീരികള്‍ മികച്ച രീതിയില്‍ ജീവിക്കുന്നത് പാകിസ്ഥാന് ഇഷ്ടമല്ലെന്നും ഈ ആക്രമണം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്ന് അവര്‍ പരിഗണിച്ചില്ലെന്നും ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചു. ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വീണ്ടും വിളിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ആഗോള ഭീകവാദത്തിന്റെ കേന്ദ്രമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദത്തോട് ലോകം കണ്ണടയ്ക്കരുതെന്ന് രാജ്‌നാഥ് ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി


◾  തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന ആളാണ് ഹാഫിസ് സെയ്ദ്. സുരക്ഷ ഏതാണ്ട് നാല് മടങ്ങ് വര്‍ദ്ധിപ്പിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ സായുധ സേനയിലെ സായുധരായ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചിട്ടുണ്ട്. ലാഹോറിലെ ഹാഫിസിന്റെ താമസസ്ഥലത്ത് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


◾  അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി അമേരിക്കന്‍ പ്രസിഡണ്ട്  ഡൊണാള്‍ഡ് ട്രംപ്. വാള്‍ട്സിന് പകരം സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ താല്‍കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ യുഎന്‍ അംബാസ്സഡറാക്കിയാണ് വാള്‍ട്സിന് പകര ചുമതല നല്‍കിയിരിക്കുന്നത്. യമനില്‍ ഹൂതികള്‍ക്കെതിരായ സൈനിക നടപടികള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഭരണതലത്തിലെ ഈ മാറ്റം.


◾  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 61 റണ്‍സെടുത്ത റയാന്‍ റിക്കല്‍ട്ടന്റേയും 53 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 48 റണ്‍സ് വീതമെടുത്ത സൂര്യകുമാര്‍ യാദവിന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും മികവില്‍ 2 വിക്കറ്റ് മത്രം നഷ്ടപ്പെടുത്തി 217 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ട്രെന്‍ഡ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹാറും ഹാര്‍ദിക് പാണ്ഡ്യയും ഉള്‍പ്പെട്ട മുംബൈയുടെ പേസ് അറ്റാക്കിന് മുന്നില്‍ രാജസ്ഥാന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി മനം കവര്‍ന്ന പതിനാലുകാരന്‍ വൈഭവ് സൂര്യവംശി റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ഈ ജയത്തോടെ 11 കളികളില്‍ നിന്ന് 14 പോയിന്റ് നേടിയ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 11 കളികളില്‍ നിന്ന് 6 പോയിന്റ് മാത്രമുള്ള രാജസ്ഥാന്‍ ഈ തോല്‍വിയോടെ ഈ സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുയാണ്.


◾  നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 5,18,483.86 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. അറ്റാദായം 13.67 ശതമാനം വളര്‍ച്ചയോടെ 1,030.23 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 5,18,483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,52,534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32 ശതമാനം വര്‍ദ്ധനവോടെ 2,83,647.47 കോടി രൂപയായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 2,09,403.34 കോടി രൂപയില്‍ നിന്ന് 2,34,836.39 കോടി രൂപയായി വര്‍ധിച്ചു. 12.15 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയില്‍ വായ്പകള്‍ 14.50 ശതമാനം വര്‍ധിച്ച് 77,212.16 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.76 ശതമാനം വര്‍ധിച്ച് 27,199 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 8.39 ശതമാനം വര്‍ധിച്ച് 79,773.79 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 11.44 ശതമാനം വര്‍ദ്ധിച്ച് 19,064.36 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 20.93 ശതമാനം വളര്‍ച്ചയോടെ 30,505 കോടി രൂപയായി വര്‍ധിച്ചു. മൊത്തവരുമാനം 13.70 ശതമാനം വര്‍ധനയോടെ 7,654.31 കോടി രൂപയിലെത്തി. 4,375.54 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.84 ശതമാനമാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 1,040.38 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.44 ശതമാനമാണിത്. 75.37 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 33,121.64 കോടി രൂപയായി വര്‍ധിച്ചു. 16.40 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.


◾  പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി റാപ്പര്‍ വേടന്‍. 'തെരുവിന്റെ മോന്‍' എന്നാണ് ഗാനത്തിന്റെ പേര്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടന്‍ പ്രത്യക്ഷപ്പെടുന്നത്. 'കരയല്ലേ നെഞ്ചേ കരയല്ലേ...ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ'... എന്ന വരികളാണ് ടീസറില്‍ കേള്‍ക്കാനാവുക. ജാഫര്‍ അലിയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഹൃത്വിക് ശശികുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു മലയില്‍ ആണ് കലാസംവിധാനം. വിഗ്നേഷ് ഗുരുലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. സൈന മ്യൂസിക് ഇന്‍ഡീ ആണ് മ്യൂസിക് ലേബല്‍. വേടന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വേടന്റെ മോണലോവ എന്ന പാട്ടും പുറത്തിറങ്ങിയിരുന്നു. നിമിഷ നേരം കൊണ്ടാണ് മോണലോവ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ കുറിച്ച് പറഞ്ഞത്. 'ഒരുത്തീ...' എന്ന് പറഞ്ഞാണ് 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് തുടങ്ങുന്നത്.


◾  ബിഗ് ബജറ്റ് ചിത്രം 'ഒറ്റക്കൊമ്പനി'ലെ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി അറിയിച്ച് ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ കബീര്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിനു ശേഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്. അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി- വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ്. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഒറ്റക്കൊമ്പന്‍' ഒരുങ്ങുന്നത്. സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


◾  കിയയുടെ പ്രീമിയം എംപിവി, കാരന്‍സിന്റെ പുതിയ പതിപ്പ് 'ക്ലാവിസ്' മെയ് 8 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഇപ്പോള്‍ പുതിയ കാറിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് കിയ ഇന്ത്യ. ക്ലാവിസ് എന്നാണ് പുതിയ മോഡലിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന കിയയുടെ തന്നെ മോഡലായ കാരന്‍സിനും മുകളിലായിരിക്കും പുതിയ മോഡലിന്റെ സ്ഥാനം. ക്ലാവിസിന് കുറച്ചുകൂടെ ഫീച്ചേഴ്സ് ഉണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്‍ജിന്‍ ഓപ്ഷനുകള്‍ കാരന്‍സിനെ പോലെയാകാന്‍ സാധ്യതയുണ്ട്. മൂന്ന് എന്‍ജിനുകളാണ് പ്രധാനമായും. ഒന്നാമത്തേത്, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും  113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.5 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിന്‍. കൂടാതെ 158 ബിഎച്ച്പി കരുത്തും 253 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന  1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഇതില്‍ ഉള്‍പ്പെടുന്നു. 6 സ്പീഡ് ഐഎംടി ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ലഭ്യമാണ്. കൂടാതെ 115 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും ലഭ്യമാണ്.


◾  ആഖ്യാനകലയുടെ മര്‍മ്മം മനസ്സിലാക്കിയ ഒരെഴുത്തുകാരിയുടെ അഭിമാനകരമായ നേട്ടമാണ് ഈ നോവല്‍. മനുഷ്യവികാരങ്ങളോടും സ്ത്രീ പുരുഷ ബന്ധങ്ങളോടും യുക്തിക്കതീതമായ വിശ്വാസങ്ങളോടുമെല്ലാം ഈ എഴുത്തുകാരി പുലര്‍ത്തുന്ന സര്‍ഗ്ഗാത്മകവും നിഷ്‌കപടവുമായ അനുഭാവം 'ഗന്ധര്‍വകാമനകളെ' വ്യത്യസ്തമാക്കുന്നു. അല്ല, അസാധാരണമാക്കുന്നു. നോവലിസ്റ്റിന്റെ നിരുപാധികമായ മനുഷ്യസ്നേഹവും എല്ലാം ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും അസാധാരണമായ അലിവും കൃതിയെ പ്രിയങ്കരമാക്കുന്നു. കാമമോഹിതമായ ഒരപൂര്‍വകാലത്തിന്റെയും ദേശത്തിന്റെയും പച്ചയായ കുറെ മനുഷ്യരുടെയും ഈ ആഖ്യാനം വായനക്കാരില്‍നിന്ന് അത്ര പെട്ടെന്ന് മാഞ്ഞുപോവുകയില്ല. 'ഗന്ധര്‍വ കാമനകള്‍'. ബിജി മോഹന്‍. ഗ്രീന്‍ ബുക്സ്. വില 133 രൂപ.


◾  വായ്നാറ്റം ഒഴിവാക്കാനും ചുമ്മാ ഒരു രസത്തിനുമെല്ലാം ചൂയിങ് ഗം ചവയ്ക്കുന്നത് ഒരു ശീലമാക്കിയവരുണ്ട്. എന്നാല്‍ ഈ ശീലം തലച്ചോര്‍ അടക്കമുള്ള നമ്മുടെ നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ വില്ലനാകുന്നത് ചൂയിങ് ഗമ്മില്‍ അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക്കുകളാണ്. പുതിയ കാലത്തെ ചൂയിങ്ങ് ഗമ്മുകളുടെ ബേസായി പോളിഎത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് ബാഗുകളിലും പശകളിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഇവ. ചൂയിങ് ഗം ചവയ്ക്കുമ്പോള്‍ ഉമിനീരും ഘര്‍ഷണവും ഗമ്മിന്റെ പ്രതലത്തെ ശിഥിലമാക്കി ആയിരക്കണക്കിന് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളെ വായിലേക്ക് വിടുന്നു. ഓരോ ഗ്രാം ഗമ്മിനൊപ്പവും 100 മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളിലെത്തുന്നതായി പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ചില ഉത്പനങ്ങളിലാകട്ടെ ഇത് 600 വരെയും വലുപ്പം കൂടി ഗമ്മാണെങ്കില്‍ ആയിരം വരെയും പോകാം. വയറിന്റെ ആവരണം, രക്തവും തലച്ചോറും തമ്മിലുള്ള അതിരുകള്‍ എന്നിവയെല്ലാം ഭേദിക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. തലച്ചോര്‍, നാഡീവ്യൂഹ വ്യവസ്ഥ എന്നിവയെ എല്ലാം ഇത് ദോഷകരമായി ബാധിക്കുന്നു. ശരീരത്തിലെ പ്രതിരോധ പ്രതികരണത്തെ ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ ദീര്‍ഘകാല നീര്‍ക്കെട്ടും ശരീരത്തില്‍ അവശേഷിപ്പിക്കും. അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുമായി ഈ നീര്‍ക്കെട്ട് ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന് പ്രായമേറ്റുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും മൈക്രോപ്ലാസ്റ്റിക്കുകള്‍ മൂലം ഉണ്ടാകാം. സാപോഡില്ല മരത്തിന്റെ കറയായ ചിക്കിള്‍, മറ്റ് സസ്യക്കറകള്‍ എന്നിവയില്‍ നിന്നുണ്ടാക്കുന്ന പ്രകൃതിദത്ത ഗം മൈക്രോപ്ലാസ്റ്റിക് സമ്പര്‍ക്കം കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നതും ഹാനികരമായ മൈക്രോപ്ലാസ്റ്റിക്കുകളുടെ സ്വാധീനം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക