ഗുവാഹത്തി: അസമിൽ യുവതിയെ കൊലപ്പെടുത്തി കുഞ്ഞിനെ മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റിൽ. അപ്പർ അസമിലെ ബൈലുങ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
കഴിഞ്ഞ ദിവസമാണ് രാജാബാരി ടീ എസ്റ്റേറ്റിലെ ഓടയിൽ നിതുമോണി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പ്രണാലി ഗൊഗോയ്, ഭർത്താവ് ബസന്ത് ഗൊഗോയ്, ഇവരുടെ മകൻ പ്രശാന്ത ഗൊഗോയ്, നിതുമോണിയുടെ അമ്മ ബോബി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രണാലി-ബസന്ത് ദമ്പതികളുടെ മകൾക്ക് നൽകാൻ നിതുമോണിയുടെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെയാണ് സംഘം മോഷ്ടിച്ചത്. കുഞ്ഞിനെ കിട്ടാൻ വേണ്ടിയാണ് നിതുമോണിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കുഞ്ഞിനെയും കൊണ്ട് ഹിമാചൽ പ്രദേശിലെ മകളുടെ അടുത്തേക്ക് പോകുന്നതിനിടെ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
നിതുമോനിയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളില്ലാത്ത മകളുടെ കുഞ്ഞ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ദമ്പതികൾ പറഞ്ഞു.