Click to learn more 👇

വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന് ഇതും ഒരു കാരണമോ ? വെട്ടിമാറ്റിയാലും നശിക്കില്ല,പിഴുതുമാറ്റല്‍ ഏക പോംവഴി; മഞ്ഞക്കൊന്നകള്‍ നീക്കം ചെയ്യാന്‍ രണ്ടരക്കോടിയോളം രൂപ


സുൽത്താൻബത്തേരി: നട്ടുവളർത്തിയ മഞ്ഞക്കൊന്നകള്‍ വളർന്നു കാടിനു ഭീഷണിയായപ്പോൾ അവയെ പിഴുതെറിയാൻ വനംവകുപ്പ് അനുവദിച്ചത് കോടികൾ.

വയനാട് വന്യജീവി സങ്കേതത്തെ വിഴുങ്ങുന്ന ആക്രമണകാരിയായ മഞ്ഞക്കൊന്ന എന്ന ചെടിയെ നശിപ്പിക്കാൻ വനംവകുപ്പ് ആദ്യഘട്ടത്തിൽ 2.27 കോടി രൂപ അനുവദിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ 12,300 ഹെക്ടർ വനഭൂമിയിലാണ് മഞ്ഞക്കൊന്നകള്‍ പടർന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ 1086 ഹെക്ടർ വനഭൂമിയിലുള്ളവ  നശിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്.

ഒരു മീറ്ററോളം നീളത്തിൽ മഞ്ഞക്കൊന്നകളുടെ  പുറംതൊലി നീക്കം ചെയ്ത് ഉണക്കി നശിപ്പിക്കാനും  ചെറുചെടികൾ പിഴുതുമാറ്റി നശിപ്പിക്കാനാണ് പദ്ധതി. 1980-കളിൽ വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം പണം മുടക്കി വനങ്ങളിൽ മഞ്ഞക്കൊന്നകള്‍ നട്ടുപിടിപ്പിച്ചു.  വിദേശിയായ മഞ്ഞക്കൊന്നയെ ഇവിടെ എത്തിച്ചത് കാടിനെ മനോഹരമാക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ചായിരുന്നു.  എന്നാൽ ഇത് വലിയ തെറ്റാണെന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുമ്പോഴേക്കും കാട്ടിൽ മഞ്ഞക്കൊന്നകള്‍ വൈറസ് പോലെ പടർന്നു.

സംസ്ഥാനത്ത് മഞ്ഞക്കൊന്നകള്‍ ബാധിച്ച് നൂറുകണക്കിന് ഹെക്ടർ വനം നശിച്ചതായി റിപ്പോർട്ടുകളുണ്ട്.  മഞ്ഞക്കൊന്നകളുടെ  വ്യാപനം കാടിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും വന്യമൃഗങ്ങൾ  നാട്ടിലേക്കിറങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. 

പ്രകൃതിദത്തമായ സസ്യജാലങ്ങളെ നശിപ്പിച്ച് വളരുന്ന മഞ്ഞക്കൊന്നകള്‍ കാടിന്റെ സന്തുലിതാവസ്ഥ തകർക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞക്കൊന്നകള്‍ വലിയ തോതിലുള്ള നിർജ്ജലീകരണത്തിനും കാരണമാകുന്നു, ഇത് മണ്ണിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടുത്തുന്നു. മഞ്ഞക്കൊന്നകള്‍ വളരുന്ന സ്ഥലത്തിന് ചുറ്റും പുല്ലും മറ്റ് ചെടികളും വളരുകയില്ല.  സസ്യഭുക്കുകളായ മൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. തീറ്റയില്ലാതായതോടെ മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാതായി. ഇത് തീറ്റ കിട്ടാതെ നാട്ടിലെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണത്തിൽ  വർധനവുണ്ടക്കുന്നു.

ഒരു ചെടിയിൽ നിന്ന് ആയിരക്കണക്കിന് വിത്തുകൾ മുളച്ചുവരുന്നു.  മഞ്ഞക്കൊന്നയുടെ അതിവേഗ വളർച്ച കാടിന്റെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും നശിപ്പിക്കുകയാണ്. വനത്തിന് വലിയ ഭീഷണിയായതോടെ ഇവ നശിപ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരായി.  

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഞ്ഞക്കൊന്നയെ കാട്ടിൽ നിന്ന് തുരത്താൻ വനപാലകർ ശ്രമം നടത്തുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് ഇതിനകം ലക്ഷക്കണക്കിന് മഞ്ഞക്കൊന്നയെ പിഴുതെറിഞ്ഞെങ്കിലും വനത്തിൽ നിന്ന് പൂർണമായി നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.  മഞ്ഞക്കൊന്നയുടെ തണ്ട് മുറിച്ചാലും തണ്ടിൽ നിന്നും വേരിൽ നിന്നും പുതിയ ചെടി വളരും. ചെടി ഉണക്കുകയോ വേരോടെ പിഴുതെറിയുകയോ ചെയ്യുക എന്നതാണ് ഏക പോംവഴി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.