Click to learn more 👇

ഒരുകിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസ്: ഇന്ത്യന്‍ വംശജനെ സിംഗപ്പൂര്‍ തൂക്കിലേറ്റി


 സിഗപ്പൂര്‍: കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജനെ സിംഗപ്പൂര്‍ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്.

സിംഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്.

2014ലാണ് കഞ്ചാവ് കടത്തിയതിന് തങ്കരാജു സുപ്പയ്യ സിംഗപ്പൂരില്‍ പിടിയിലാകുന്നത്. 2018 ഒക്ടോബര്‍ 9 ന് ആണ് തങ്കരാജു സുപ്പയ്യയെ വധശിക്ഷയ്ക്ക് വിധിച്ചത്. തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. ബ്രിട്ടിഷ് ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സനും നിരവധി രാജ്യങ്ങളും വധശിക്ഷയെ എതിര്‍ത്തിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡും സംയുക്തമായി തിങ്കളാഴ്ച പുറപ്പെടുവിച്ച യൂറോപ്യന്‍ യൂണിയന്‍ പ്രസ്തവാനയില്‍ തങ്കരാജുവിന്റെ വിധശിക്ഷ നിര്‍ത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും സിംഗപ്പൂര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സിംഗപ്പൂരിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിംഗപ്പൂരിനെ സുരക്ഷിതമായി നിര്‍ത്തുന്നതില്‍ ഇത് ഫലപ്രദമാണ്. ഇത് കര്‍ശനമായ സുരക്ഷകളോടെ പ്രായോഗികമാക്കുന്നുവെന്നും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം വിശദമാക്കിയിരുന്നു.

മയക്കുമരുന്ന് കടത്തിന് വധശിക്ഷ നല്‍കുക എന്നത് സിംഗപ്പൂരിന്റെ നയമാണ് ആഭ്യന്തര മന്ത്രി കെ ഷണ്‍മുഖം പറഞ്ഞു. സിംഗപ്പൂരിലെ 87 ശതമാനം ആളുകളും വധശിക്ഷയെ പിന്തുണയ്ക്കുന്നു. വധശിക്ഷ സിംഗപ്പൂരില്‍ മാത്രമല്ല. ലോകത്തിലെ ഏറ്റവും വലിയ മൂന്ന് രാജ്യങ്ങളായ ചൈന, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലും വധശിക്ഷ നിലവിലുണ്ടെന്നും കെ ഷണ്‍മുഖം പറഞ്ഞു.

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിംഗപ്പൂര്‍ വധശിക്ഷ പുനരാരംഭിച്ചത്. ഈ വര്‍ഷം വധശിക്ഷ നടപ്പാക്കുന്ന ആദ്യ സംഭവമാണിത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.