Click to learn more 👇

UCC അഥവാ എന്താണ് ഏകീകൃത സിവില്‍ കോഡ്? ബാധിക്കുന്നവരില്‍ ഹിന്ദുക്കള്‍ മുതല്‍ ആദിവാസികള്‍ വരെ; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ


 ഏകീകൃത സിവില്‍ കോഡിനായുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ പൗരന്മാരുടെയും വ്യക്തിനിയമം തുല്യമാക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യമെന്നും അത് മത, ലിംഗ, ജാതി വിവേചനമില്ലാതെ ബാധകമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ യുസിസി വിഷയം ഉയര്‍ത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രമാണോ ബാധിക്കുകയെന്ന ചോദ്യവും പലരും ഉയര്‍ത്തുന്നു.

എന്താണ് ഏകീകൃത സിവില്‍ കോഡ് ?

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഭോപ്പാലില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുസിസിയെ പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍, വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നീ കാര്യങ്ങളില്‍ വിവിധ സമുദായങ്ങളില്‍ അവരുടെ മതം, വിശ്വാസം, ആചാരം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നിയമങ്ങളുണ്ട്. യുസിസിയുടെ വരവിനുശേഷം, മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ ഇന്ത്യയിലെ എല്ലാവര്‍ക്കും ഒരൊറ്റ നിയമം ബാധകമാകുമെന്നാണ് പറയുന്നത്.

ഹിന്ദുക്കളില്‍ എന്ത് ഫലമുണ്ടാക്കും?

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും തുല്യമായ നിയമം വേണമെന്ന് ഹിന്ദുത്വ സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെടുന്നു. ഒരു രാജ്യം ഒരു നിയമം എന്ന ആവശ്യം ഹിന്ദുക്കളെ എങ്ങനെ ബാധിക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്ലീം വ്യക്തിനിയമത്തില്‍ ഒരിക്കലും സംഭവിക്കാത്ത നിരവധി പരിഷ്‌കാരങ്ങള്‍ ഹിന്ദു വ്യക്തിനിയമത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ ഷാരൂഖ് ആലം പറയുന്നു.

ഉദാഹരണത്തിന്, 2005-ന് ശേഷം, ഹിന്ദു നിയമപ്രകാരം, പെണ്‍മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ അവകാശം ലഭിച്ചു. 'ഹിന്ദു വിവാഹ നിയമപ്രകാരം, ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാത്രമേ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനാകൂ. പ്രശ്‌നങ്ങളില്ലാതെ വിവാഹ മോചനത്തിന് വ്യവസ്ഥയില്ല', ഷാരൂഖ് ആലം വ്യക്തമാക്കുന്നു.

യുസിസി നിലവില്‍ വരുന്നതോടെ ഹിന്ദു അവിഭക്ത കുടുംബം (HUF) അവസാനിക്കുമെന്ന് ബെംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്ന സര്‍സു തോമസ് പറയുന്നു. 

യുസിസി വരുമ്ബോള്‍ ഹിന്ദു അവിഭക്ത കുടുംബം ഇല്ലാതാകുമോയെന്ന് അസദുദ്ദീൻ ഉവൈസിയും ചോദിച്ചു.

ഇതുമൂലം പ്രതിവര്‍ഷം 3000 കോടിയിലധികം രൂപയുടെ നഷ്ടമാണ് രാജ്യം നേരിടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഹിന്ദു നിയമമനുസരിച്ച്‌, ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് എച്ച്‌ യു എഫ് രൂപീകരിക്കാം. ആദായ നികുതി നിയമത്തിന് കീഴില്‍ എച്ച്‌ യു എഫ് ഒരു പ്രത്യേക സ്ഥാപനമായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ പെണ്‍മക്കള്‍ക്കും കുടുംബ സ്വത്തില്‍ പങ്കുണ്ട്. ഇതിന് കീഴില്‍ അവര്‍ക്ക് നികുതി ബാധ്യതകളില്‍ ചില ഇളവുകള്‍ ലഭിക്കും. പുതിയ നിയമത്തില്‍ ഇതിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്നാണ് ഉയരുന്ന ആശങ്ക. 'ദക്ഷിണേന്ത്യയില്‍ ഹിന്ദുക്കളില്‍ ബന്ധുക്കള്‍ തമ്മില്‍ വിവാഹങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ യുസിസി ഈ ആചാരങ്ങളെല്ലാം അവസാനിപ്പിക്കും', സര്‍സു തോമസ് വ്യക്തമാക്കി. 

ആദിവാസി സമൂഹത്തില്‍ എന്ത് സ്വാധീനം ചെലുത്തും?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍,

യുസിസി നടപ്പാക്കിയാല്‍ ഗോത്രവര്‍ഗക്കാരുടെ സംസ്‌കാരത്തിനും പാരമ്ബര്യത്തിനും എന്ത് സംഭവിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 'എന്തുകൊണ്ടാണ് ബിജെപി എപ്പോഴും ഹിന്ദു-മുസ്ലിം വീക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്? ഛത്തീസ്ഗഡില്‍ ആദിവാസികളുണ്ട്. അവരുടെ നിയമങ്ങള്‍ ആചാരപരമായ പാരമ്ബര്യമനുസരിച്ചാണ്. അവര്‍ അത് പിന്തുടരുന്നു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കുകയാണെങ്കില്‍ ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങള്‍ മാറും, പാരമ്ബര്യത്തിന് എന്ത് സംഭവിക്കും?', അദ്ദേഹം ചൂണ്ടിക്കാട്ടി.


ജാര്‍ഖണ്ഡിലെ 30-ലധികം ഗോത്രവര്‍ഗ സംഘടനകളും നിയമ കമ്മീഷനുമുമ്ബാകെ ഏകീകൃത സിവില്‍ കോഡ് എന്ന ആശയം പിൻവലിക്കാൻ ആവശ്യപ്പെടാൻ തീരുമാനിച്ചു. യുസിസി കാരണം ആദിവാസികളുടെ സ്വത്വം അപകടത്തിലാകുമെന്ന് ഈ ആദിവാസി സംഘടനകള്‍ പറയുന്നു. ജൂണ്‍ 14ന് തന്നെ സാധാരണക്കാരില്‍ നിന്നും മതസംഘടനകളില്‍ നിന്നും യുസിസിയെ കുറിച്ച്‌ ലോ കമ്മീഷൻ അഭിപ്രായം തേടിയിരുന്നു. ആദിവാസി സമൻവയ് സമിതിയുടെ (എഎസ്‌എസ്) കീഴില്‍ കഴിഞ്ഞ ഞായറാഴ്ച റാഞ്ചിയില്‍ 30-ലധികം ആദിവാസി സംഘടനകള്‍ ഈ വിഷയത്തില്‍ യോഗം ചേര്‍ന്നതായി വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

'ആദിവാസികള്‍ക്ക് അവരുടെ ഭൂമിയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഛോട്ടാ നാഗ്പൂര്‍ ടെനൻസി ആക്‌ട്, സന്താല്‍ പര്‍ഗാന ടെനൻസി ആക്‌ട് തുടങ്ങിയ രണ്ട് ആദിവാസി നിയമങ്ങളെ യുസിസി ബാധിക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഈ രണ്ട് നിയമങ്ങളും ആദിവാസികളുടെ ഭൂമിക്ക് സംരക്ഷണം നല്‍കുന്നു. പരമ്ബരാഗത നിയമങ്ങള്‍ പ്രകാരം, വിവാഹശേഷം സ്ത്രീകള്‍ക്ക് രക്ഷാകര്‍തൃ സ്വത്തില്‍ അവകാശം ലഭിക്കുന്നില്ല, യുസിസി നടപ്പിലാക്കിയാല്‍, ഈ നിയമം മാറാം. വിവാഹം, വിവാഹമോചനം തുടങ്ങി നിരവധി പരമ്ബരാഗത നിയമങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്', ആദിവാസി ജൻ പരിഷത്ത് പ്രസിഡന്റ് പ്രേം സാഹി മുണ്ട പറഞ്ഞു.


യുസിസി മുസ്ലീങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച്‌ നാഗാലാൻഡിലും മിസോറാമിലും ഇത് എതിര്‍ക്കപ്പെടുമെന്നും അസദുദ്ദീൻ ഒവൈസി 2016ല്‍ പറഞ്ഞിരുന്നു.

2011-ലെ സെൻസസ് പ്രകാരം നാഗാലാൻഡിലെ ജനസംഖ്യയുടെ 86.46%, മേഘാലയയില്‍ 86.15%, ത്രിപുരയില്‍ 31.76% എന്നിവ പട്ടിക വര്‍ഗക്കാരാണ്. ഈ കണക്കുകള്‍ തന്നെ ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി ജനസംഖ്യയുടെ പ്രാധാന്യം കാണിക്കുന്നു. ജാര്‍ഖണ്ഡിന് മുമ്ബ്, കഴിഞ്ഞ ശനിയാഴ്ച, മേഘാലയയിലെ ആദിവാസി കൗണ്‍സിലും യുസിസി പാസാക്കി.

ഖാസി സമൂഹത്തിന്റെ ആചാരങ്ങള്‍, പാരമ്ബര്യങ്ങള്‍, വിശ്വാസങ്ങള്‍, പൈതൃകം, വിവാഹവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യം, മതപരമായ കാര്യങ്ങള്‍ എന്നിവയെ യുസിസി ബാധിക്കുമെന്ന് ഖാസി ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്‌ട് കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നു. ഖാസി സമൂഹത്തില്‍, കുടുംബത്തിലെ ഇളയ മകളെ സ്വത്തിന്റെ സൂക്ഷിപ്പുകാരനായി കണക്കാക്കുകയും കുട്ടികളുടെ പേരിനൊപ്പം അമ്മയുടെ കുടുംബപ്പേര് നല്‍കുകയും ചെയ്യുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഈ സമുദായത്തിന് പ്രത്യേക അവകാശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്‌ കൗണ്‍സില്‍ (എൻബിസിസി), നാഗാലാൻഡ് ട്രൈബല്‍ കൗണ്‍സില്‍ (എൻടിസി) എന്നിവയും

യുസിസിയെ കുറിച്ച്‌ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

യുസിസി നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം ആചരിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുമെന്ന് അവര്‍ പറയുന്നു.


മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പറയുന്നത് 

അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് യുസിസിക്കെതിരെ രംഗത്തെത്തി. 'ഇന്ത്യ പല മതങ്ങളിലും സംസ്കാരങ്ങളിലും ഉള്ള ആളുകള്‍ താമസിക്കുന്ന രാജ്യമാണ്, അതിനാല്‍ യുസിസി മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും സിഖുകാരെയും ക്രിസ്ത്യാനികളെയും ജൈനന്മാരെയും ജൂതന്മാരെയും പാര്‍സികളെയും മറ്റ് ചെറു ന്യൂനപക്ഷങ്ങളെയും ബാധിക്കും', മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫറംഗി മഹാലി പറഞ്ഞു. ജൂലൈ 14-ന് മുമ്ബ് ബോര്‍ഡ് യുസിസിയുടെ എതിര്‍പ്പ് ലോ കമ്മീഷനു മുമ്ബാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യക്തിനിയമത്തിന്റെ കാര്യങ്ങളില്‍ മുസ്ലീങ്ങളുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.